വയനാട് മെഡിക്കല്‍ കോളജിന് സ്​ഥലം കണ്ടെത്താന്‍ വീണ്ടും ഉദ്യോഗസ്​ഥരുടെ ഭൂമി പരിശോധന

കല്‍പറ്റ: വയനാട് മെഡിക്കല്‍ കോളജിന് സ്​ഥലം കണ്ടെത്താന്‍ വീണ്ടും ഉദ്യോഗസ്​ഥരുടെ ഭൂമി പരിശോധന. അഞ്ചുവര്‍ഷത്തിനിടെ കണ്ടെത്തിയ സ്​ഥലങ്ങള്‍ വീണ്ടും പരിശോധിക്കുകയാണ്​.

ഉടന്‍ ഭൂമി കണ്ടെത്തണമെന്നാണ്​ സര്‍ക്കാര്‍ നിര്‍ദേശം. അനുയോജ്യമായ സ്​ഥലത്തിന്​ ബുധനാഴ്​ചയും ജില്ലയില്‍ പരിശോധന തുടര്‍ന്നു. മാനന്തവാടി താലൂക്ക് പേരിയ വില്ലേജിലെ ബോയ്സ്ടൗണ്‍, വൈത്തിരി താലൂക്ക് ചുണ്ടേല്‍ വില്ലേജിലെ ചേലോട്, കോട്ടത്തറ വില്ലേജിലെ മടക്കിമല എന്നീ ഭൂമികളാണ് പരിശോധിക്കുന്നത്.

ഇതിനകം ചേലോട്ട്​ കണ്ടെത്തുകയും നിരവധി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്​ത സ്​ഥലമടക്കം വീണ്ടും പരിശോധിക്കുന്നതി​െന്‍റ കാരണം വ്യക്​തമല്ല.

മേപ്പാടി അരപ്പറ്റയിലെ ഡി.എം. വിംസ്​ മെഡിക്കല്‍ കോളജ്​ വില നല്‍കി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം, കഴിഞ്ഞയാഴ്​ച ഉപേക്ഷിച്ചതിനുപിന്നാലെയാണ്​ ഗവ. മെഡിക്കല്‍ കോളജ്​ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ വിവിധ വകുപ്പ്​ ഉദ്യോഗസ്​ഥരും ജില്ല കലക്​ടറും ഭൂമി പരിശോധന നടത്തുന്നത്​. വിദഗ്ധ സമിതിയുടെ പരിശോധനക്കുശേഷം ജനുവരി 22ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്​ദുള്ള പറഞ്ഞു.