സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലായി കോവിഡ് വാക്സിനേഷന് തുടങ്ങി. ആദ്യദിനമായ ഇന്ന് 13,300 പേരാണ് വാക്സിന് സ്വീകരിക്കുക. വാക്സിനേഷനായി 5 വാക്സിനേഷന് ഓഫീസര്‍മാരാണുള്ളത്. ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് ഒരു ദിവസം വാക്സിന് നല്കുന്ന രീതിയിലാണ് ക്രമീകരണം. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുന്നത്. 4,33, 500 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്.
12 കേന്ദ്രങ്ങളുള്ള എറണാകുളത്ത് 73,000 ഡോസ് വാക്സിന് വിതരണം ചെയ്യും. കോഴിക്കോടും തിരുവനന്തപുരത്തും 11 കേന്ദ്രങ്ങളാണുള്ളത്. മറ്റ് ജില്ലകളില്‍ ഒമ്പത് കേന്ദ്രങ്ങളുണ്ട്. 5 എം.എല്‍. കോവീഷീല്‍ഡ് വാക്സിനാണ് കുത്തിവെക്കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക.എല്ലായിടത്തും വെബ് കാസ്റ്റിംഗ് ഒരുക്കിയിട്ടുണ്ട്. വാക്സിനെടുത്തു കഴിഞ്ഞാല്‍ അരമണിക്കൂര്‍ നിരീക്ഷണത്തിലിരുത്തിയ ശേഷമേ വീട്ടിലേക്ക് പോകാനാകൂ.ഓരോ വാക്സിനേഷന് കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്സിനേഷന് റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്ന് മുറികളും ഒരുക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ അമ്പത് വയസിന് മുകളിലുള്ളവര്‍ക്കും ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും വാക്സിന് വിതരണം ചെയ്യും.
എല്ലാ മുന്‍കരുതലും സ്വീകരിച്ചാണ് വാക്സിനെടുക്കുന്നത്. വാക്സിന് എടുക്കാന്‍ വരുന്നവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് അലര്‍ജി ഉള്ളവരാണോ എന്നുള്ളതെല്ലാം പരിശോധിക്കുന്നുണ്ട്. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനു ശേഷമേ രണ്ടാമത്തെ ഡോസ് എടുക്കുകയുള്ളൂ. ആദ്യത്തെ ഡോസ് എടുത്തവര്‍ക്ക് കടുത്ത അലര്‍ജി ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് രണ്ടാംഘട്ട വാക്സിന് എടുക്കുകയില്ല. ചെറിയ തോതിലുള്ള അലര്‍ജി പ്രശ്നങ്ങളുള്ളവര്‍ക്ക് അത് പരിഹരിക്കുന്നതിനുള്ള എല്ലാ സംവിധാനവും ആശുപത്രികളില്‍ എടുത്തിട്ടുണ്ട്.
കഴിയുന്നത്ര ആളുകള്‍ വാക്സിനെടുക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് നല്ലതാണെന്നും. പ്രതിരോധ മാര്‍ഗങ്ങളെല്ലാം ഇനിയും തുടരണമെന്നും ആരോഗ്യ
മന്ത്രി പറഞ്ഞു.