ഒന്‍പതാം ഘട്ട ചര്‍ച്ചയും പരാജയം ; കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍

മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരും കേന്ദ്രവും തമ്മില്‍ നടത്തിയ ഒന്‍പതാം ഘട്ട ചര്‍ച്ചയും പരാജയം. തുടര്‍ന്നൊരു ഉത്തരവ് ഉണ്ടാകും വരെ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്തതു കൊണ്ടുള്ള സുപ്രീംകോടതി നടപടിക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ചര്‍ച്ച നടന്നത്.

ഒന്‍പതാം ഘട്ട ചര്‍ച്ച 120 ശതമാനം പരാജയമായിരുന്നുവെന്ന് കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. അവശ്യവസ്തു നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനു പകരം സര്‍ക്കാര്‍ അത് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു, എന്നാല്‍ കൃഷി മന്ത്രി ഇതിന് മറുപടി ഒന്നും പറഞ്ഞില്ലെന്ന് ദര്‍ശന്‍ പാല്‍ പറഞ്ഞു. ജനുവരി 26ന് ഞങ്ങള്‍ എന്ത് വിലകൊടുത്തും ട്രാക്ടര്‍ റാലി നടത്തും അദ്ദേഹം കൂട്ടിചേര്‍ത്തു.

സുപ്രീംകോടതി നിയോഗിച്ച സമിതി പ്രതിസന്ധി അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചന ആരംഭിക്കുന്ന ദിവസമായ ജനുവരി 19നാണ് അടുത്ത റൗണ്ട് ചര്‍ച്ചകള്‍ നടക്കുക. എന്നാല്‍ ബ്രോക്കര്‍മാരെയല്ല ആവശ്യം കേന്ദ്രവുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നാണ് കേന്ദ്രവുമായി ചര്‍ച്ച നടത്തുന്ന 40 കര്‍ഷക യൂണിയനുകളുടെ നേതാക്കള്‍ പറയുന്നത്. നിയുക്ത സമിതി അംഗങ്ങള്‍ ഇതിനകം തന്നെ കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമാണെന്നും സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.

നേരിട്ടുള്ള ചര്‍ച്ചകള്‍ തുടരാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്, എന്നാല്‍ കര്‍ഷകര്‍ക്ക് വേണമെങ്കില്‍ സുപ്രീംകോടതി സമിതിയിലും പോകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. നേരിട്ടുള്ള സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും പറഞ്ഞു.

വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍, കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് യാതൊരു മുന്നേറ്റവും ഉണ്ടായില്ലെങ്കിലും, കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരെ കേന്ദ്ര ഏജന്‍സികള്‍ തുടര്‍ച്ചയായി റെയ്ഡ് ചെയ്യുന്നതായും അവര്‍ക്കെതിരെ കര്‍ശനമായ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) ഉപയോഗിക്കുന്നതായും കര്‍ഷക നേതാക്കള്‍ ആരോപിച്ചു. ഈ വിഷയത്തില്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.