കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള കസ്റ്റംസ് വിഭാഗത്തിൽ സി.ബി.ഐ. റെയ്ഡ്. കണക്കിൽപ്പെടാത്ത പണവും സ്വർണവും രേഖകളും കണ്ടെടുത്തു.
കൊച്ചിയിൽനിന്നെത്തിയ പ്രത്യേക സി.ബി.ഐ. സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അനധികൃതമായി സൂക്ഷിച്ച മൂന്നുലക്ഷം രൂപയും 623 ഗ്രാം സ്വർണവുമാണ് കണ്ടെടുത്തത്.
നാല് കസ്റ്റംസ് ജീവനക്കാരെ സി.ബി.െഎ. ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തു. ഒരു ജീവനക്കാരന്റെ പോക്കറ്റിൽനിന്ന് കണക്കിൽപ്പെടാത്ത 13,000 രൂപ കണ്ടെടുത്തു.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. സംഘം കോഴിക്കോട്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 2.45-നുള്ള എയർ അറേബ്യയുടെ ഷാർജ-കോഴിക്കോട് വിമാനമായിരുന്നു ലക്ഷ്യം. പുലർച്ചെ മൂന്നിന് തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ തിരിച്ചുവിളിച്ചായിരുന്നു സി.ബി.ഐയുടെ പരിശോധന.
കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് സഹായത്തോടെ സ്വർണക്കടത്ത് നടക്കുന്നതായും യാത്രക്കാരിൽനിന്ന് നിർബന്ധിത പിരിവ് നടത്തുന്നതുമായ പരാതികളെ തുടർന്നാണ് സി.ബി.ഐ. പരിശോധന നടത്തിയത്.
കുറഞ്ഞ ഡ്യൂട്ടി ഈടാക്കി കള്ളകടത്ത് സ്വർണം പുറത്തുകടത്താൻ കസ്റ്റംസ് ജീവനക്കാർ കൂട്ടുനിൽക്കുന്നതായാണ് സി.ബി.ഐക്ക് ലഭിച്ച വിവരം. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്ത സമയത്താണ് ഇത്തരത്തിൽ കള്ളക്കടത്ത് നടക്കുന്നതെന്നാണ് സി.ബി.ഐ. കരുതുന്നത്.
കള്ളക്കടത്ത് സംഘങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച കോഴിക്കോട് കസ്റ്റംസ് െഡപ്യൂട്ടി കമ്മിഷണറായിരുന്ന ഡോ. എൻ.എസ്. രാജിയെ മാസങ്ങൾക്കു മുൻപ് കോഴിക്കോട്ടുനിന്ന് സ്ഥലംമാറ്റിയിരുന്നു. കള്ളക്കടത്ത് സംഘത്തിന്റെ ഉന്നതതല സമ്മർദ്ദത്തെ തുടർന്നായിരുന്നു സ്ഥലംമാറ്റം. ഏഴുമാസം മാത്രമാണ് ഇവരെ കോഴിക്കോട് തുടരാനനുവദിച്ചത്. ഇതിനുശേഷം കള്ളക്കടത്തുസംഘങ്ങൾക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥരെയാണ് കോഴിക്കോട്ട് നിയമിച്ചതെന്ന് ആരോപണമുയർന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ. മൂന്നുമാസത്തിനിടെ വൻ വർധനയാണ് കോഴിക്കോട് വിമാനത്താവളത്തിലെ കള്ളക്കടത്തിൽ ഉണ്ടായത്. ഇതും സംശയത്തിന്റെ ആഴം കൂട്ടുന്നു.