കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് 2.85 ലക്ഷം രൂപയും സ്വര്‍ണവും സിബിഐ പിടിച്ചെടുത്തു.മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും കണ്ടെടുത്തു.ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ സി.ബി.ഐ റെയ്ഡ് 24 മണിക്കൂറാണ് നീണ്ടത്.
കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസില്‍ നിന്ന് സിബിഐ 650 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും കറന്‍സികളും വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടി. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണവും സിഗരറ്റും പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ വീണ്ടും അകത്തേക്ക് വിളിച്ച് സിബിഐ അന്വേഷണ സംഘം പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് സ്വര്‍ണവും അനധികൃതമായി കടത്തുകയായിരുന്നു മറ്റ് വസ്തുക്കളും പിടിച്ചെടുത്തത്. പാസ്‌പോര്‍ട്ട് വാങ്ങിവെച്ചതിന് ശേഷം യാത്രക്കാരെ പറഞ്ഞയച്ചു.
ഒരാഴ്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സി.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് നടന്നതിന്റെയും അത് പിടികൂടിയതിന്റെയും അടിസ്ഥാനത്തിലായിരുന്നു സിബിഐ പരിശോധന. ഡി.ആര്‍.ഐയുടെ സഹകരണത്തോടെയായിരുന്നു റെയ്ഡ്. സി.ബി.ഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കായെത്തിയത്. ഇത്ര വലിയ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കസ്റ്റംസ് അധികൃതര്‍ക്കെതിരെ എന്ത് നടപടിയെടുക്കും എന്ന കാര്യത്തില്‍ സിബിഐ വ്യക്തത വരുത്തിയിട്ടില്ല