പക്ഷിപ്പനി മനുഷ്യരിലേക്ക് പകരില്ല, പക്ഷെ ജാഗ്രത പാലിക്കണം; മന്ത്രി കെ.രാജു

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരില്ല, പക്ഷെ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും ജനിതകമാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും ഇന്ന് ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ പക്ഷിപ്പനിയുടെ ഉത്ഭവം ദേശാടന പക്ഷികളിൽ നിന്നാകാമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, നാളെ കേന്ദ്ര സംഘം കേരളത്തിലേക്ക് വരുന്നത് പക്ഷിപ്പനി മനുഷ്യനിലേക്ക് പടരാനുള്ള സാധ്യതകൾ പരിശോധിക്കാനാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്നും മുട്ട, ഇറച്ചി എന്നിവ നന്നായി പാചകം ചെയ്ത് കഴിക്കുന്നതിൽ കുഴപ്പമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം രോഗം സ്ഥിരീകരിച്ച മേഖലകളിൽ പക്ഷി, ഇറച്ചി , മുട്ട എന്നിവയുടെ വിൽപ്പനയ്ക്കുള്ള നിരോധനം തുടരും.

കർഷകർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇപ്പോൾ പ്രഖ്യാപിച്ച തുക അടിസ്ഥാനപ്പെടുത്തി ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കർഷകരുടെ കൂടുതൽ ആവശ്യങ്ങൾ പിന്നീട് പരിഗണിക്കും. പക്ഷിപ്പനി സ്ഥിരീകരിക്കും മുൻപ് ചത്ത താറാവുകൾക്കും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.