കാസർഗോഡ് ബസ് അപകടം; ഡ്രൈവറുടെ അനാസ്ഥ കൊണ്ടെന്ന് പ്രാഥമിക റിപ്പോർട്ട്

 

കാസർഗോഡ് ബസ് അപകടം ഡ്രൈവറുടെ അനാസ്ഥ കൊണ്ടെന്ന് പ്രാഥമിക റിപ്പോർട്ട്.അപകടത്തിൽപ്പെട്ട വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് കർണാടകയിലാണെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, അപകടം കേരളത്തിലാണോ കർണാടകയിലാണോ നടന്നതെന്ന് തഹസിൽദാർ ഇന്ന് സ്ഥലം സന്ദർശിച്ച് ഉറപ്പുവരുത്തും.

ഇന്നലെ പാണത്തൂർ – പുത്തൂർ പാതയിൽ പരിയാരത്തെ ചെങ്കുത്തായ ഇറക്കത്തിലാണ് വിവാഹ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടത്. ഇറക്കത്തിൽ ന്യൂട്രലിൽ ഓടിയ ബസ് നിയന്ത്രണം വിട്ട് ആദ്യം മരത്തിൽ ഇടിക്കുകയായിരുന്നു. ശേഷം റോഡരികിലെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ ഏഴ് പേർ മരിക്കുകയും നാൽപതിലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. അപകടകാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ കാഞ്ഞങ്ങാട് സബ് കളക്ടറെയാണ് ജില്ല കളക്ടർ ചുമതലപ്പെടുത്തിയിരിക്കുന്നത്.