കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ഒ രാജഗോപാല്‍ അനുകൂലിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടി

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ഒ രാജഗോപാല്‍ അനുകൂലിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തിനെ എതിര്‍ത്ത് ഒ രാജഗോപാലും വോട്ട് ചെയ്യാതിരുന്നതോടെ ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. തീരുമാനം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് എംടി രമേശ്.
കാര്‍ഷിക നിയമത്തെ പിന്തുണച്ച വ്യക്തിയായിരുന്നു രാജേട്ടന്‍. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. രാജേട്ടന്‍ തന്നെ കഴിഞ്ഞ ദിവസം കാര്‍ഷിക നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയും സംസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയപ്പോള്‍ അതിന്റെ ഔചിത്യത്തെ കേരള ജനതയ്ക്ക് മുന്‍പാകെ കൃത്യമായി ബോധ്യപ്പെടുത്തിയ ആളാണ് രാജേട്ടന്‍. അതുകൊണ്ട് ഇക്കാര്യം ഞാന്‍ വിശ്വസിക്കുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷം വ്യക്തമാക്കും- എംടി രമേശ് ആലപ്പുഴയില്‍ പറഞ്ഞു.


കാര്‍ഷിക ബില്ലിനെതിരായ പ്രമേയം പരിഹാസ്യമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാത്ത ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ നിലപാടിനെ കുറിച്ച് അറിയിച്ചെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഇതിനെ കുറിച്ച് അന്വേഷിച്ച് പ്രതികരിക്കാമെന്നും ക സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമം പിന്‍വലിക്കണമെന്ന് കേരളത്തിലെ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ നിലാപടെടുത്തതോടെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തിനെ എതിര്‍ത്ത് ഒ രാജഗോപാലും വോട്ട് ചെയ്യാതിരുന്നതോടെ ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചു. സംസാരിക്കാന്‍ സമയം ലഭിച്ചപ്പോള്‍ തന്റെ അഭിപ്രായം പറഞ്ഞുവെന്നും നിയമസഭാ സമ്മേളനത്തിന് പിന്നാലെ ഒ രാജഗോപാല്‍ പറഞ്ഞിരുന്നു .


എന്നാല്‍ നേരത്തെ പ്രമേയത്തിന്‍ മേല്‍ നടന്ന ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിച്ചപ്പോള്‍ പ്രമേയത്തിലെ ചില ഭാഗങ്ങള്‍ക്കെതിരെ ഒ രാജഗോപാല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് കര്‍ഷകര്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്താന്‍ ഉദ്ദേശിച്ചാണെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ഒ രാജഗോപാല്‍ പറഞ്ഞത്.