കോവിഡ്: സുഗതകുമാരിയും വി എം സുധീരനും ആശുപത്രിയിൽ

കോവിഡ് ബാധിച്ചതിനെ തുടർന്ന് കവയിത്രി സുഗതകുമാരി ടീച്ചറെയും കോൺഗ്രസ് നേതാവ് വി എം സുധീരനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഗതകുമാരി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയുള്ള ചികിത്സയിലായിരുന്നു. അവിടെ  നിന്നുമാണ് ടീച്ചറെ വെൻ്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്നം. മെഡിക്കൽ കോളേജിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.  നോൺ ഇൻവേറ്റീവ് വെൻ്റിലേഷൻ്റെ (ട്യൂബ് ഇടാതെയുള്ള വെൻ്റിലേഷൻ) സഹായത്തോടെയാണ് ചികിത്സ നൽകുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.
കോൺഗ്രസ് നേതാവ് വി എം സുധീരനെയും കോവിഡ് ബാധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട രോഗിയായതിനാൽ അദ്ദേഹം വി ഐ പി റൂമിൽ  ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ്.