പൗരത്വ നിയമഭേദഗതി ജനുവരി മുതൽ നടപ്പാക്കിയേക്കും

പൗരത്വ നിയമഭേദഗതി ജനുവരി മുതൽ നടപ്പാക്കിയേക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. ബിജെപിയുടെയും കേന്ദ്രത്തിൻ്റെയും ലക്ഷ്യം സംസ്ഥാനത്തെ അഭയാർത്ഥികൾക്ക് പൗരത്വം നൽകാനാണ് എന്നും  കൈലാഷ് പറഞ്ഞു.  അതേസമയം, തൃണമൂൽ കോൺഗ്രസ് നേതാവ് ഫിർഹാദ് ഹക്കിം ബംഗാൾ ജനതയെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ നവംബറിൽ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിൽ വെച്ചാണ് ബിജെപി നേതാവിൻ്റെ പ്രഖ്യാപനം. “വരുന്ന ജനുവരി മുതൽ അഭയാർത്ഥികൾക്ക് സിഎഎയുടെ കീഴിൽ പൗരത്വം നൽകിത്തുടങ്ങാമെന്നാണ് കരുതുന്നത്. സമീപ രാജ്യങ്ങളിൽ നിന്നെത്തുന്ന അഭയാർത്ഥികൾക്ക് പൗരത്വം നൽകുക എന്ന സത്യസന്ധമായ ഉദ്ദേശ്യം വെച്ചിട്ടാണ് കേന്ദ്രം പൗരത്വ നിയമഭേദഗതി നടപ്പിലാക്കിയത്.”- വിജയവർഗിയ പറഞ്ഞു.’