തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 1850 പ്രശ്‌ന ബാധിത ബൂത്തുകളെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം പ്രശ്‌നബാധിത ബൂത്തുകളുള്ളത്. 785 എണ്ണം കണ്ണൂരിലാണുള്ളത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. അഞ്ച് പ്രശ്‌നബാധിത ബൂത്തുകളാണ് പത്തനംതിട്ടയിലുള്ളത്.പ്രശ്‌നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വെബ് കാസ്റ്റിംഗ് ഇല്ലാത്ത ബൂത്തുകളിൽ വീഡിയോഗ്രഫി നടത്തും. സംസ്ഥാന പോലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മൂന്ന് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഡിസംബർ എട്ടിനും രണ്ടാം ഘട്ടം ഡിസംബർ പത്തിനും മൂന്നാം ഘട്ടം ഡിസംബർ 14 നും നടക്കും. ഡിസംബർ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ തെരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 10 ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും ഡിസംബർ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 16 നാണ് ഫല പ്രഖ്യാപനം.