പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.മെഡിക്കൽ റിപ്പോർട്ട് വിജിലൻസ് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും. കേസിൽ തുടർ നടപടി ഇന്നുണ്ടായേക്കും. വിജിലൻസ് ജഡ്ജി ജോബിൻ ജോസഫിന്റെ നിർദ്ദേശപ്രകാരമാണിത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമന്ത്രിയുടെ ആരോഗ്യനില അറിയിക്കാൻ മെഡിക്കൽ ബോർഡും രൂപീകരിച്ചിരുന്നു. ഇതോടൊപ്പം അറസ്റ്റിലായ പാലം രൂപകല്പനചെയ്ത നാഗേഷ് കൺസൽട്ടൻസിയുടെ മാനേജിംഗ് പാർടണർ ബി.വി നാഗേഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ഇരുപതിന് നാഗേഷിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഡിസംബർ മൂന്നുവരെയാണ് ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുള്ളത്.