പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ രാജി എല്‍ഡിഎഫ് നടത്തിവന്ന ധര്‍ണാ സമരം അവസാനിപ്പിച്ചു

തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന പഞ്ചായത്ത് പ്രസിഡണ്ട് സെലിന്‍ മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് കണിച്ചാര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ എല്‍ഡിഎഫ് 24 ദിവസമായി നടത്തിവരുന്ന ധര്‍ണാ സമരം സമാപിച്ചു.ഭരണ സമിതിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് എല്‍ഡിഎഫ് ധര്‍ണ്ണ സമരം അവസാനിപ്പിച്ചത്. കോണ്‍ഗ്രസും യുഡിഎഫും എവിടെയെല്ലാം ഭരണം നടത്തുന്നുണ്ടോ അവിടെയെല്ലാം അഴിമതി നടത്തിയ ചരിത്രമാണുള്ളതെന്നും കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് വിജിലന്‍സ് കേസില്‍ പ്രതിയായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ച് ഉള്ള യാഥാര്‍ത്ഥ്യം ജനങ്ങളോട് തുറന്നു പറയണമെന്നും സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജന്‍ പറഞ്ഞു. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഴിമതി വിരുദ്ധ മുദ്രാവാക്യം ഏറ്റെടുത്ത അണികള്‍ക്ക് എങ്ങനെയാണ് കണിച്ചാറില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ കഴിയുകയുകയെന്നും ജയരാജന്‍ ചോദിച്ചു. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട നേതാക്കളാണ് കണിച്ചാറില്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധര്‍ണ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാപന സമ്മേളനത്തില്‍ സിപിഐഎം പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം ടി വി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സിപിഐഎം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വക്കറ്റ് എം രാജന്‍, സിപിഐഎം കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറി വി. ഡി. ജോസ്, കൊളക്കാട് ലോക്കല്‍ സെക്രട്ടറി ആന്റണി സെബാസ്റ്റ്യന്‍,ഏരിയ കമ്മിറ്റി അംഗം കെ കെ ശ്രീജിത്ത്, സി.സി സന്തോഷ്, അമല്‍ എം എസ് തുടങ്ങിയവര്‍ സംസാരിച്ചു.