ചടങ്ങുകളിൽ മാത്രമായൊതുങ്ങി കണ്ണൂരിലെ തെയ്യക്കാലം.

ഇരുട്ടിന്റെ നിശബ്തതയെ ചെണ്ടത്താളം കീറി മുറിക്കുന്നുണ്ട്. ഇരുട്ട് പടരുന്ന രാത്രികളിൽ ജ്വലിച്ചു കത്തുന്നുണ്ട് എണ്ണമണം മാറാത്ത പന്തങ്ങൾ. കാൽച്ചിലമ്പുമായി അണിയറയിൽ നിന്ന് ഓടിവരുന്നുണ്ട് കണ്ണൂരിന്റെ തെയ്യങ്ങൾ. എല്ലാം മായയാണെങ്കിലും എനിക്ക് കാണാം എന്റെ തെയ്യങ്ങളെ. എനിക്ക് കേൾക്കാം എന്റെ തെയ്യത്തിന്റെ തോറ്റവും ചൊല്ലുകളും. ഇന്ന് തുലാം പത്ത്. കണ്ണൂരുകാരുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായൊരു സീസണിന്റെ വരവിളി ദിനം. ഉത്തര മലബാറിന്റെ തെയ്യാട്ട കാലത്തിന് ഇന്ന് തുടക്കമാവുകയാണ്. കൊളച്ചേരി-ചാത്തമ്പള്ളി കാവിൽ തുടങ്ങി വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ അവസാനിക്കുന്ന തെയ്യാട്ട കാലം കോവിഡ് പശ്ചാത്തലത്തിൽ ഓര്മ മാത്രമാണ് ഇത്തവണ.

കാവുകളിൽ എല്ലാം ചടങ്ങുകളിൽ മാത്രമൊതുങ്ങും. കതിവന്നൂർ വീരനും, ഗുളികനും, മന്ദപ്പനും, ബാലിയും, പുതിയ ഭഗവതിയും, ഘണ്ടകർണ്ണനും ഒക്കെ പള്ളിയറകളിൽ ഉറയുന്നുണ്ടാകും. മേലേരികൾക്ക് മേലേക്ക് ചാടി വീഴുന്ന ചാമുണ്ഡി കോലങ്ങൾ ആളും ആരവവുമില്ലാതെ കാവുകളുടെ മുറ്റത്ത് തണുത്ത് വിറച്ച് നിൽക്കും പോലെ. ഓർമകളിൽ എവിടെയും ഇങ്ങനൊരു കാലം കണ്ണൂരിന് ഉണ്ടായിട്ടുണ്ടാകില്ല. തെയ്യത്തെ അത്രത്തോളം നെഞ്ചേറ്റുന്ന ഈ ജനതക്ക് ഉള്ളിൽ നീറുന്ന മറ്റൊരു നോവാവുകയാണ് ഈ കൊറോണക്കാലം. ഒപ്പം തെയ്യം ഉപജീവനമായിരുന്ന കുറെ കലാകാരന്മാരും പ്രതിസന്ധിയുടെ ഓലപ്പുരകളിൽ അതി ജീവനത്തിന്റെ ചീനിനാദത്തിന് കാതോർത്തിരിപ്പുണ്ട്.