മാലിന്യം മഹാ കാര്യമല്ല, മാലിന്യസംസ്കരണം സിമ്പിളാണ്..

രാവിലെ നഗരത്തിന്റെ പല ഭാഗത്തേക്ക് പുറപ്പെടുന്ന വണ്ടികൾ. ഓരോ വീടുകളിലെത്തി അവിടുത്തെ മാലിന്യങ്ങളെ ജൈവം അജൈവം എന്നിങ്ങനെ വേർതിരിച്ച് ശേഖരിക്കുന്നു. ശേഖരിച്ച മാലിന്യങ്ങളുടെ വിവരങ്ങൾ നെല്ലിക്ക എന്ന ആപ്ലിക്കേഷനിലൂടെ വീട്ടുടമയെ അറിയിക്കും. പിന്നീട് നേരെ തളിപ്പറമ്പിലെ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക്. ദിവസേന ഇങ്ങനെ ശേഖരിക്കുന്നത് രണ്ട് ടണ്ണിലധികം മാലിന്യം .തളിപ്പറമ്പ് നഗരസഭയുടെ കീഴിൽ ഹരിത കർമ സേനയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ പ്രവർത്തിച്ചു വരുന്ന മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനമാണിത്. ഹരിത സഹായ സ്ഥാപനം ആയ നിർമ്മല ചാരിറ്റബിൾ ട്രസ്റ്റ് ആണ് നഗരസഭയിലെ മാലിന്യങ്ങൾ ഇപ്പോൾ സംസ്കരിക്കുന്നത്. ശേഖരിച്ച മാലിന്യങ്ങൾ ചകിരിപ്പൊടി ചേർത്ത് മെഷീൻ ഉപയോഗിച്ച് പൊടിയാക്കി മാറ്റും.ശേഷം ഇനോക്കുലം ചേർത്ത് 20 ദിവസം വരെ ജലാംശം നീക്കം ചെയ്യാൻ സൂക്ഷിക്കും. വീണ്ടും 15 ദിവസം കാത്തിരുന്ന് മിശ്രിതത്തെ ഡ്രൈയറിലിട്ട് അരിച്ചെടുക്കും. വളമായി കഴിഞ്ഞാൽ അതിനെ പാക്ക് ചെയ്ത് വില്പനയ്ക്ക് വിടും. ഇത്തരത്തിൽ വിറ്റത് 400 കിലോയിലധികം വളമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളെ തരംതിരിച്ച് ബൈലർ മെഷീൻ ഉപയോഗിച്ച് ചെറിയ കെട്ടുകളാക്കി മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കും.

 

 

രണ്ടുവർഷം മുൻപുവരെ കേരളത്തിലെ മറ്റ് ഏതു മുനിസിപ്പാലിറ്റിയെ പോലെയും മാലിന്യസംസ്കരണം തളിപ്പറമ്പിനും ഒരു പ്രശ്നമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. രണ്ട് ലക്ഷത്തിനടുത്ത് തുക വിനിയോഗിച്ചാണ് മുൻപൊക്കെ ഓരോ വർഷവും മാലിന്യം നീക്കം ചെയ്തിരുന്നത്. ഇപ്പോൾ വാടകയിനത്തിൽ ട്രസ്റ്റ് നഗരസഭയ്ക്ക് നല്ലൊരു തുകയും നൽകുന്നുണ്ട്. ട്രസ്റ്റിൽ ജോലിചെയ്യുന്ന മുപ്പത്തിയഞ്ചോളം തൊഴിലാളികളുടെ വേതനവും അവർക്കുള്ള ആനുകൂല്യങ്ങളും നൽകുന്നത് ഈ ലാഭത്തിൽ നിന്നാണ്. ഇത്രയധികം മാലിന്യം സംസ്കരിക്കുന്നുണ്ടെങ്കിലും ഒരു തരത്തിലുള്ള ദുർഗന്ധമോ ആരോഗ്യപ്രശ്നങ്ങളോ നാട്ടുകാർക്ക് ഇല്ല എന്നത് പ്രശംസനീയമാണ്.തളിപ്പറമ്പിനെ മാതൃകയാക്കി ചിറക്കൽ, അഴീക്കോട്, വേങ്ങാട് തുടങ്ങിയ പഞ്ചായത്തുകളും ട്രസ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്താൻ പോവുകയാണ്.