കണ്ണുരിനിനി എന്തുവേണം….നിർദ്ദേശം തേടി എൽ ഡി എഫ്

സംസ്ഥാനത്ത് ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് കണ്ണൂരിനുള്ളത്. 150 ഓളം വർഷത്തെ പഴക്കമുള്ള നഗരത്തിന് പക്ഷെ വികസനകാര്യത്തിൽ ഇന്നും ദുർഭൂതം ഒഴിയാത്ത അവസ്ഥയാണ്. ഗതാഗതക്കുരുക്ക്, മാലിന്യപ്രശ്നം, ശുചിമുറികളുടെ അപര്യാപ്തത തുടങ്ങി വികസന രംഗത്ത് ഇനിയുമെറെയുണ്ട് കണ്ണൂരിന് ലഭിക്കാൻ. ഇതിൽ ഊന്നിയുള്ള പ്രചാരണത്തിലൂടെ കണ്ണൂർ കോർപ്പറേഷൻ ഭരണം പിടിക്കുകയാണ് എൽ ഡി എഫ് ഇത്തവണ ലക്ഷ്യമിടുന്നത്.

കാത്തിരുന്ന് ആദ്യ കോർപ്പറേഷൻ ഭരണം ലഭിച്ചെങ്കിലും രാഷ്ട്രീയമല്ലയുദ്ധത്തിനൊടുവിൽ ഭരണം വീണ്ടും യു ഡി എഫ് പിടിച്ചെടുത്തു. ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് എൽ ഡി എഫ്. കണ്ണൂരിന്റെ വികസന സാധ്യതകൾ ആരാഞ്ഞ് സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവരെ പങ്കെടുപ്പിച്ച് വിഷൻ കണ്ണൂർ 2020-25 എന്ന പേരിൽ ചർച്ച സംഘടിപ്പിച്ചാണ് തുടക്കം.

 

 

ഗതാഗതസംവിധാനങ്ങൾ കാര്യക്ഷമമാക്കുക, പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുക, നടപ്പാതകൾക്ക് ഒപ്പം സൈക്ലിംഗ് ട്രാക്ക് ഒരുക്കുക, നഗരം ഹരിതഭമാക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണ് ഈ രംഗത്ത് ഉയർന്നുവന്നത്. പൈതൃകവീഥി, ശുചിമുറികൾ, ടെക്സ്റ്റൈൽ കൊറിഡോർ തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കണമെന്നും നിർദ്ദേശമുയർന്നു.

നഗരത്തിന്റെ വികസന സങ്കല്പം ഉയർത്തുന്നതോടൊപ്പം സംസ്ഥാന സർക്കാർ കണ്ണൂർ നഗരത്തിനായി ആവിഷ്കരിച്ചിരിക്കുന്ന ഫ്ലൈ ഓവർ, അണ്ടർപാസ്സ് പദ്ധതികൾ കൂടി ചൂണ്ടിക്കാട്ടിയാവും എൽ ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുക.