സഞ്ചാരികൾക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കുന്നു

കോവിഡ് കാലം വന്നതോടുകൂടി കേരളത്തിന്റെ വിനോദ സഞ്ചാര മേഖല പൂർണ്ണമായും അടഞ്ഞു കിടക്കുകയായിരുന്നു .ആറ് മാസത്തെ അടച്ചിടലുകള്‍ക്ക് ശേഷം വിനോദ സഞ്ചാരികൾക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് . കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖല മാത്രമല്ല അതിനെ ആശ്രയിച്ചു ജീവിക്കുന്നവരായ ചെറുകിട കച്ചവടക്കാരും വ്യാപാരികളും വലിയ പ്രതിസന്ധി നേരിടുന്ന പ്രശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നത് .സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും ,കടലോര ടൂറിസം കേന്ദ്രങ്ങളിലും ,ഹില്‍ സ്റ്റേഷനുകളിലും തുടങ്ങി സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അറിയിച്ചത്. ബീച്ച് ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരത്തിനുള്ള അനുമതി നവംബര്‍ 1 മുതല്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിലും രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങൾ നേരത്തെ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന രീതിയാണ് കേരളം സർക്കാർ നടപ്പാക്കുന്നത് .കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായി മുന്‍കരുതലുകള്‍ പാലിച്ചാണ് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നത്.  കൊവിഡ് ലോക്ക് ഡൗണില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ട മേഖലയും കൂടിയാണ് കേരളത്തിലെ വിനോദ സഞ്ചാരം . സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ആശ്വാസം പകരുന്ന തീരുമാനമാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത് .സാമൂഹ്യ അകലം പാലിച്ചും സാനിറ്റൈസേഷന്‍ ഉറപ്പുവരുത്തിയും മുന്നോട്ടുപോകാനാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉദ്ദേശിക്കുന്നത്..വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പുലര്‍ത്തേണ്ട കൊവിഡ് മുന്‍കരുതലുകളും, നിയന്ത്രണങ്ങളും ഉത്തരവിലുണ്ട്. സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും, കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും, ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ഉണ്ടാകണം.കൊവിഡ് രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ടൂറിസ്റ്റുകള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് സർക്കാരിന്റെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.രണ്ട് മീറ്റര്‍ സാമൂഹിക അകലം മറ്റുള്ളവരില്‍ നിന്നും പാലിക്കുകയും വേണം.ഏറെ പ്രതീക്ഷയോടെ സഞ്ചാരികളെ വരവേൽക്കാൻ തയ്യാറാവുകയാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ .