ഹത്റാസ് കേസ് സി ബി ഐ ഏറ്റെടുത്തു

ന്യൂഡല്‍ഹി: ഹത്റാസ്സില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം സി.ബി.ഐ അന്വേഷിക്കും. യു.പി പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി വീട്ടുകാരുടെ സമ്മതം കൂടാതെ സംസ്‌കരിച്ചതും, ഹത്റാസ്സില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടുതടങ്കിലാക്കിയതുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായിരുന്നു.സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിയിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനമായത്.ആദ്യഘട്ടത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബലാത്സംഗം നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞിരുന്നു.എന്നാല്‍ യു.പി സര്‍ക്കാരിനും പൊലീസിനും എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ അന്താരാഷ്ട്ര ഗൂഢാലോചനയെന്നാണ് യോഗി സര്‍ക്കാര്‍ പറഞ്ഞത്.തുടക്കം മുതല്‍ ഈ കേസില്‍ സവര്‍ണ ജാതിക്കാരായ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തിവന്നിരുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.അതേസമയം ഹാത്രാസ് കേസില്‍ സി.ബി.ഐ അന്വേഷണമല്ല വേണ്ടത് കേസ് പ്രത്യേക അന്വേഷണം സംഘം അന്വേഷിച്ചാല്‍ മാത്രമേ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂ എന്ന് ദളിത് ആക്റ്റിവിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു.പെണ്‍കുട്ടിയുടെ കുടുംബം നിര്‍ദേശിക്കുന്ന രണ്ട് പേരെങ്കിലും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടണം എന്നും ആവശ്യം ഉയര്‍ന്നിരുന്നു. സെപ്തംബർ 14 ആയിരുന്നു പെൺകുട്ടി വീടിനടുത്തു വെച്ചു ക്രൂര പീഡനത്തിന് ഇരയായത്.