ഉത്ര കൊലപാതക കേസിലെ വിധി ഈ മാസം 11 ന്

കൊല്ലം ഉത്ര കൊലപാതക കേസിലെ വിധി ഈ മാസം 11 ന് കൊല്ലം അഡീ.സെഷൻസ് കോടതിയാണ് വിധി പറയും.പരമാവധി ശിക്ഷ സൂരജിന് വാങ്ങി നൽകാനാണ് പഴുതടച്ച അന്വേഷണം നടത്തി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നര വര്ഷം പൂർത്തിയാകുന്നതിന് മുൻപേ കേസിന്റെ വിധി വരുന്നത് ശ്രദ്ധേയമാണ്.


2020 മെയ് ആറിനാണ് മൂർഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യിൽ നിന്നാണ് ഇയാൾ പാമ്പിനെ വാങ്ങിയത്. ഏപ്രിൽ മാസത്തിൽ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യിൽ നിന്നും പ്രതി മൂർഖനെ വാങ്ങുകയായിരുന്നു. തുടർച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.