അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു

മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും.

രാത്രി ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കും.ക്വാഡ് യോഗത്തിൽ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും ഈ സന്ദർശനകാലയളവിൽ നരേന്ദ്രമോദി അഭിസമ്പോദന ചെയ്യും. 2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ്.വി. ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രിയെ യാത്രയിൽ അനുഗമിക്കും. അമേരിക്കൻ പ്രസിഡന്റ് ജോബ് ബൈഡനെ വൈറ്റ് ഹൗസിൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാൻ വിഷയം, വ്യാപാര കരാർ, സൈനിക സഹകരണം , സാൻകേതിക കൈമാറ്റം അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കും. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലേറിയതും മേഖലയിലെ ഭീകരവാദ, സുരക്ഷാ ഭീഷണികളും ബൈഡനുമായി ചർച്ചചെയ്യും.26ന് പ്രധാനമന്ത്രി അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ മടങ്ങിയെത്തും.