സ്കൂള്‍ ബസ്സില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബോണ്ട് സര്‍വ്വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി. സ്കൂള്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലേക്കും ബസ് സര്‍വ്വീസ് നടത്തുമന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഒക്ടോബര്‍ 20 നു മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ നേരിട്ടെത്തി ബസ്സുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യാത്ര പ്രോട്ടോകോള്‍ ഇറക്കും.
കൊവിഡ് ആയതിനാല്‍ ബസ്സില്ലാത്ത സ്കൂളിലേക്ക് കുട്ടികളെ എങ്ങനെ എത്തിക്കുമെന്ന രക്ഷിതാക്കളുടെ ആശങ്കയെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി. നിലവില്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമായി കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസ് നടത്തുന്നുണ്ട്.
ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. എല്ലാ സ്കൂള്‍ ബസ്സിലും തെര്‍മ്മല്‍ സ്കാനറും സാനിറ്റൈസറും നിര്‍ബന്ധമാക്കും. പ്രോട്ടോകോള്‍ പാലിക്കാത്ത സ്വകാര്യ ബസ്സുകള്‍ക്കെതിരെയും നടപടിയുണ്ടാകും.