സാമൂഹിക തിന്മകളെ ഏതങ്കിലും മതവുമായി ചേര്‍ത്തുവയ്ക്കരുത്; പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്നതും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സമൂഹത്തെ ഒരു പോലെ ദുര്‍ബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക തിന്മകളെ ഏതങ്കിലും മതവുമായി ചേര്‍ത്തുവയ്ക്കരുത്.
തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നത് സാമൂഹ്യ ഐക്യത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പാലാ ബിഷപ്പിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശത്തെയും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരര്‍ക്ക് കേരളത്തില്‍ ലഭിച്ച പിന്തുണയെയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം ചേര്‍ത്തുവയ്ക്കുന്ന പ്രവണതകളെ മുളയിലേ നുള്ളിക്കളയണം.ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ജാതിക്കും മതത്തിനുമതീതമായി ജീവിക്കാന്‍ പഠിപ്പിച്ച ഗുരുവിന്റെ ഓര്‍മ പുതുക്കുന്ന ഈ ദിവസത്തില്‍ ജാതിയും മതവും വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കും എന്ന പ്രതിജ്ഞയാണ് യഥാര്‍ത്ഥത്തില്‍ എടുക്കേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.