10 വര്‍ഷത്തെ കാത്തിരിപ്പ്; റഹ്‌മാനും സജിതയും വിവാഹിതരായി

 

പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം റഹ്‌മാനും സജിതയും വിവാഹിതരായി. പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാര്‍ ഓഫിസിലാണ് ഇരുവരും വിവാഹിതരായത്. നെന്മാറ എംഎല്‍എ കെ.ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിയാണ് വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. വിവാഹത്തിന് റഹ്‌മാന്റെ വീട്ടുകാര്‍ പങ്കെടുത്തില്ല.

റഹ്‌മാന്റെ വാക്കുകള്‍ : വിവാഹം കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ വീട്ടുകാര്‍ ഒപ്പം ഇല്ലാത്തത് വിഷമിപ്പിക്കുന്നുണ്ട്. അവരും കൂടി മനസ് മാറി വരട്ടെയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ. റഹ്‌മാന്റെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നുവെങ്കില്‍ സന്തോഷമായേനെയെന്ന് സജിതയും മാധ്യമങ്ങളോട് പ്രതികരിച്ചു.

വീട്ടിലെ ഒറ്റമുറിയില്‍ പത്തുകൊല്ലം സാജിതയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്‌മാനൊപ്പം ഒളിവില്‍ താമസിച്ചതെന്നായിരുന്നു സജിത മൊഴി നല്‍കിയത്.