മാത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃക എല്ലാ കോണ്‍ഗ്രസ് പഞ്ചായത്തുകളിലും നടപ്പിലാക്കുമെന്ന് കെ സുധാകരന്‍

 

സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃക എല്ലാ കോണ്‍ഗ്രസ് പഞ്ചായത്തുകളിലും നടപ്പിലാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംസ്ഥാനത്ത് മുഴുവന്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. അതിന് നേതൃത്വം നല്‍കാന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അധികാര വികേന്ദ്രീകരണം സാധ്യമാക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നും സുധാകരന്‍ വിശദീകരിച്ചു.

വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസില്‍ എത്തുന്ന സാധാരണക്കാര്‍, അവിടുത്തെ ജീവനക്കാരെ ഇനിമുതല്‍ പേരോ, മുതിര്‍ന്നവരെ ചേട്ടാ, ചേച്ചി എന്നോ വിളിക്കണം എന്നാണ് മാത്തൂര്‍ പഞ്ചായത്തിന്റെ തീരുമാനം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ജനപ്രതിനിധികളും ആത്യന്തികമായി ജനസേവകരാണ്. ആ തത്വം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഈ തീരുമാനം കേരളത്തില്‍ ഒന്നാകെ നടപ്പിലാക്കാന്‍ കെ.പി.സി.സി തീരുമാനിച്ചിരിക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഫെസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ശേഷിപ്പുകള്‍ ആയ ഇത്തരം അഭിസംബോധന രീതികള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് പറഞ്ഞ സുധാകരന്‍ ജനാധിപത്യത്തെ വീണ്ടെടുക്കുവാനും സംരക്ഷിക്കുവാനുമുള്ള മാറ്റങ്ങള്‍ കൊണ്ട് വരാന്‍ മുന്നില്‍ തന്നെ കോണ്‍ഗ്രസ്സുണ്ടാവും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസിലും സര്‍,മാഡം വിളി ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കൂട്ടിച്ചേര്‍ത്തു.