ഞങ്ങളിത് മറക്കില്ല,പൊറുക്കില്ല, നിങ്ങളെ വേട്ടയാടിപ്പിടിക്കും; കാബൂള്‍ ആക്രമണത്തില്‍ മുന്നറിയിപ്പുമായി ബൈഡന്‍

കാബൂളിലെ ചാവേര്‍ ആക്രമണത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. 13 യുഎസ് സൈനികര്‍ ഉള്‍പ്പെടെ എഴുപതിലേറെ പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് മാപ്പില്ലെന്നും അവരെ വേട്ടയാടിപ്പിടിക്കുമെന്നും ബൈഡന്‍ പറഞ്ഞു.വൈറ്റ്ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പിന്നില്‍ ഐ.എസ് ഭീകരരാണ്. ഐഎസ് ഭീകരവാദികള്‍ വിജയിക്കില്ല. അമേരിക്കക്കാരെ രക്ഷിക്കുന്നത് ഞങ്ങള്‍ തുടരും. ഞങ്ങളുടെ സഖ്യകക്ഷികളെയും പുറത്തെത്തിക്കും. അമേരിക്കയെ വിരട്ടാനാകില്ലെന്നും പറഞ്ഞ ബൈഡന്‍ പെന്റഗണ് ഐഎസിനെതിരെ ആക്രമണത്തിന് തയ്യാറെടുക്കാന്‍ നിര്‍ദേശം നല്‍കി.

വ്യാഴാഴ്ച രാത്രിയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് രണ്ട് ചാവേര്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടായത്. രാജ്യത്ത് നിന്ന് പുറത്തുപോകാനായി എത്തിയ ആള്‍ക്കൂട്ടത്തിലാണ് ആക്രമണമുണ്ടായതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.എഴുപതിലേറെ പേര്‍ മരിച്ചതായാണ് കണക്ക്. 140 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയവരും അമേരിക്കയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാമെന്ന് ആഗ്രഹിക്കുന്നവരും ഇക്കാര്യം അറിയുക. ഞങ്ങളിത് മറക്കില്ല. പൊറുക്കില്ല. നിങ്ങളെ വേട്ടയാടിപ്പിടിക്കും. ഭീകരവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ഞങ്ങളുടെ ദൗത്യം നിര്‍ത്തില്ല. ഒഴിപ്പിക്കല്‍ തുടരുമെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു.