ഇത് മനുഷ്യനെന്ന നിലയ്ക്കും കളിക്കാരനെന്ന നിലയ്ക്കും എന്നോടുള്ള അപമര്യാദ- മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെട്ടു സംഭവിക്കുന്ന കാര്യങ്ങളെല്ലാം മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുമാണ്.ലയണല്‍ മെസ്സി ബാഴ്സലോണ വിട്ട് പി.എസ്.ജിയില്‍ ചേര്‍ന്നതിനു പിന്നാലെ, വാര്‍ത്തകളുടെ ഫോക്കസ് ക്രിസ്റ്റ്യാനോയിലേക്കു കൂടി തിരിഞ്ഞിട്ടുണ്ട്. പോര്‍ച്ചുഗീസ് താരം യുവന്റസില്‍ അസംതൃപ്തനാണെന്നും പി.എസ്.ജിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചു എന്നുമുള്ള വാര്‍ത്തകള്‍ മുന്‍നിര മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.തന്റെ ഭാവി സംബന്ധിച്ചുള്ള മീഡിയ കവറേജിലുള്ള അതൃപ്തി താരം പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

തന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ പ്രസിദ്ധീകരിച്ച സാമാന്യം ദീര്‍ഘമായ കുറിപ്പിലാണ് റൊണാള്‍ഡോ മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ചത്. വ്യക്തി എന്ന നിലയ്ക്കും കളിക്കാരനെന്ന നിലയ്ക്കും മാധ്യമങ്ങളില്‍ നിന്ന് താന്‍ അപമാനം നേരിടുകയാണെന്നും, സത്യം മനസ്സിലാക്കാന്‍ പോലും ആരും തുനിയുന്നില്ലെന്നും താരം പറയുന്നു. എന്റെ പേരു വെച്ച് കളിക്കാന്‍ ആളുകളെ അനുവദിക്കാനാവില്ലെന്നു പ്രഖ്യാപിക്കാനാണ് ഞാനീ മൗനം ഭേദിക്കുന്നത്. ഞാന്‍ എന്റെ കരിയറിലും ജോലിയിലുമാണ് ശ്രദ്ധിക്കുന്നത്. നേരിടാനുള്ള എല്ലാ വെല്ലുവിളികള്‍ക്കും വേണ്ടിയുള്ള തയാറെടുപ്പ് നടത്തുകയാണെന്നും റൊണാള്‍ഡോ പറഞ്ഞു.

റൊണാള്‍ഡോയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

എന്നെ അറിയുന്നവര്‍ക്കെല്ലാം ബോധ്യമുള്ള കാര്യമാണ് ജോലിയുടെ കാര്യത്തില്‍ ഞാന്‍ എത്രമാത്രം ശ്രദ്ധാലുവാണെന്ന്. കുറച്ചു സംസാരിക്കുക, കൂടുതല്‍ പ്രവര്‍ത്തിക്കുക – കരിയറിന്റെ തുടക്കം മുതല്‍ക്കേ എന്റെ നയം അതാണ്. പക്ഷേ, ഈയടുത്തായി എന്റെ ഭാവി സംബന്ധിച്ചുള്ള മീഡിയ കവറേജ്, ഒരു മനുഷ്യനെന്ന നിലയ്ക്കും കളിക്കാരനെന്ന നിലയ്ക്കും എന്നോടുള്ള അപമര്യാദ മാത്രമല്ല. ഈ വാര്‍ത്തകളില്‍ പറയപ്പെടുന്ന ക്ലബ്ബുകള്‍ക്കും അവരുടെ കളിക്കാര്‍ക്കും സ്റ്റാഫിനും നേരെയുള്ള അപമര്യാദയാണ്.

റയല്‍ മാഡ്രിഡിലെ എന്റെ കഥ എഴുതപ്പെട്ടതാണ്. അത് റെക്കോര്‍ഡിലുള്ളതാണ്. വാക്കുകളിലും അക്കങ്ങളിലും, ട്രോഫികളിലും കിരീടങ്ങളിലും, തലക്കെട്ടുകളിലും റെക്കോര്‍ഡുകളിലുമൊക്കെ അതുണ്ട്. ഞാനുണ്ടാക്കിയ നേട്ടങ്ങള്‍ക്കെല്ലാമപ്പുറം ആ ഒമ്പത് വര്‍ഷങ്ങളില്‍ റയല്‍ മാഡ്രിഡിനോട് എനിക്ക് അഗാധമായ അഭിനിവേശമുണ്ട്. ഇനിയുള്ള കാലത്തും അതെന്നിലുണ്ടാവും. റയല്‍ മാഡ്രിഡ് ഫാന്‍സിന്റെ മനസ്സില്‍ ഞാനുണ്ടാകുമെന്ന് എനിക്കറിയാം, എന്റെ മനസ്സില്‍ അവരും ഉണ്ടാകും.

എന്റെ പേരു വെച്ച് കളിക്കാന്‍ ആളുകളെ അനുവദിക്കാനാവില്ലെന്നു പ്രഖ്യാപിക്കാനാണ് ഞാനീ മൗനം ഭേദിക്കുന്നത്. ഞാന്‍ എന്റെ കരിയറിലും ജോലിയിലുമാണ് ശ്രദ്ധിക്കുന്നത്. നേരിടാനുള്ള എല്ലാ വെല്ലുവിളികള്‍ക്കും വേണ്ടിയുള്ള തയാറെടുപ്പ് നടത്തുകയാണ്.