അഫ്ഗാന്റെ സൈനിക വിമാനം ഉസ്ബകിസ്ഥാനില്‍ തകര്‍ന്നു വീണു;  താലിബാനുമായി സൗഹൃദത്തിനൊരുങ്ങി ചൈന.

അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം തകര്‍ന്നുവീണു. വ്യോമപാത ലംഘിച്ചതിനെ തുടര്‍ന്ന് ഉസ്ബെകിസ്ഥാന്‍ സൈന്യം വിമാനം വെടിവച്ചിടുകയായിരുന്നു എന്നും സൂചന. അതേസമയം വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്ന് ഉസ്ബകിസ്ഥാന്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു.

അതേസമയം അഫ്ഗാനില്‍ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെ താലിബാനുമായി സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ചൈന. അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാനെ ചൈന അംഗീകരിക്കുന്നതായും. താലിബാന്‍ ഭരണകൂടവുമായി സൗഹൃദത്തിന് തയാറാണെും ചൈനീസ് വക്താവ് വ്യക്തമാക്കി.

ചൈന അഫ്ഗാനിസ്ഥാനുമായി 47 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. കഴിഞ്ഞ മാസം താലിബാന്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നതായും ചര്‍ച്ചയില്‍ ചൈനീസ് സര്‍ക്കാരിനെതിരെ പോരാടുന്ന ഉയ്ഗൂര്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയതായും സൂചനയുണ്ട്.അഫ്ഗാനിസ്ഥാന്റെ വികസനത്തിലും പുനര്‍നിര്‍മാണത്തിലും ചൈനയുടെ സഹകരണം താലിബാന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അഫ്ഗാന്‍ ജനതയുടെ അവകാശങ്ങളെ മാനിക്കുമെന്നും, കൂടാതെ അഫ്ഗാനിലെ വികസനപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സഹായിക്കുമെന്നുംചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനീയിങ് പറഞ്ഞു

അഫ്ഗാനിലെ ഭരണം താലിബാന്‍ പിടിച്ചെടുത്തതില്‍ ലോകരാഷ്ട്രങ്ങള്‍ നിശബ്ദത പാലിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്.