അപാകതയുണ്ടെങ്കില്‍ പരിശോധിക്കട്ടെ.. വിവാദം തന്നെ ബാധിക്കില്ല- ആരിഫ് എംപിയുടെ ആരോപണങ്ങള്‍ തള്ളി ജി സുധാകരന്‍

ദേശീയപാത പുനര്‍നിര്‍മാണത്തിലെ അപാകത ചുണ്ടിക്കാട്ടിയ എഎം ആരിഫ് എംപിയുടെ ആരോപണങ്ങള്‍ തള്ളി മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. അപാകതയുണ്ടെങ്കില്‍ പരിശോധിക്കട്ടെ വിവാദം തന്നെ ബാധിക്കില്ലെന്നും ജി സുധാകരന്‍. നിര്‍മാണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോഗസ്ഥരാണ്. മികച്ച രീതിയിലാണ് റോഡ് പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും ജി സുധാകരന്‍ പറഞ്ഞു.


ദേശീയപാത 66 ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നും ജി.സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും കാണിച്ച് എ.എം. ആരിഫ് എംപി പൊതുമരാമരത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി വേണമെന്നും കത്തില്‍ പറയുന്നു.

ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ദേശീയ പാതയുടെ പുനര്‍നിര്‍മാണം നടന്നത്. മൂന്ന് വര്‍ഷം ഗ്യാരണ്ടിയോടെ നിര്‍മ്മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്നുണ്ടെന്നുമാണ് ആരിഫ് എംപി ചൂണ്ടിക്കാട്ടിയത്.എ എം ആരിഫ് എംപിയുടെ കത്ത് ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊതുമരാമരത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.