ജനപ്രിയ നിര്‍ദേശങ്ങളുമായി യുഡിഎഫിന്റെ പ്രകടന പത്രിക

ജനപ്രിയ നിര്‍ദേശങ്ങളുമായി യുഡിഎഫിന്റെ പ്രകടന പത്രിക ഐശ്വര്യകേരളം ലോകോത്തരകേരളം എന്ന പേരില്‍ പുറത്തിറക്കി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. യുഡിഎഫിന്റെ പ്രകടന പത്രിക കഴിഞ്ഞ ഏഴ് മാസങ്ങളുടെ നിരന്തരമായ സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ജനങ്ങളുടെ മാനിഫെസ്റ്റോയാണ്. വിവിധ വിഭാഗം ജനങ്ങളുമായി ചര്‍ച്ച ചെയ്തശേഷം രൂപപ്പെടുത്തിയതാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മാനിഫെസ്റ്റോയിലുള്ള മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയംകൊണ്ടും മഹാമാരികൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ വരെ ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കും. സംസ്ഥാനത്ത് അര്‍ഹരായ വ്യക്തികള്‍ക്ക് പെന്‍ഷന്‍ ഉറപ്പുനല്‍കുന്നതിനായി നടപടി സ്വീകരിക്കും. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.അര്‍ഹരായവര്‍ക്കെല്ലാം പ്രയോരിറ്റി റേഷന്‍ കാര്‍ഡ് നല്‍കും.എല്ലാ വെള്ള കാര്‍ഡുകാര്‍ക്കും അഞ്ചുകിലോ അരി സൗജന്യമായി നല്‍കും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.