ഒരിടവേളക്ക് ശേഷം സിനിമാ തിയറ്ററുകൾ വീണ്ടും സജീവമാവുകയാണ്. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി – മഞ്ജു വാര്യർ ചിത്രം ദി പ്രീസ്റ്റ് റിലീസ് ചെയ്തു. സംവിധായകന്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം സുനാമിയും പ്രദർശനത്തിനെത്തി.കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകൾ തുറന്നിരുന്നെങ്കിലും മലയാളത്തിലെ സൂപ്പർ താര ചിത്രങ്ങളൊന്നും പ്രദർശനത്തിന് എത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സെക്കൻഡ് ഷോക്ക് അനുമതി ലഭിച്ചതോടെയാണ് ദ പ്രീസ്റ്റ് ഇന്ന് റിലീസ് ചെയ്തത്. ദി പ്രീസ്റ്റ് പ്രദർശനത്തിനെത്തുന്ന തിയറ്ററുകളിൽ ടിക്കറ്റ് ബുക്കിങ് കുത്തനെ ഉയർന്നിട്ടുണ്ട്.

സൂപ്പർ സ്റ്റാർ മമ്മൂട്ടിയും മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും പ്രീസ്റ്റിനുണ്ട്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയിൽ ഫാ.ബെനഡിക്ട് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വലിയ മുതല്‍മുടക്കിലൊരുങ്ങിയ ചിത്രം കോവിഡില്‍ പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് പുതുജീവന്‍ പകരുമെന്നാണ് പ്രതീക്ഷ.
സംവിധായകന്‍ ലാലും മകൻ ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം സുനാമിയും റിലീസിനെത്തി. ഇന്നസെന്‍റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം ഫാമിലി എന്‍റര്‍ടെയ്‌നറാണ്. വരും ദിവസങ്ങളിൽ കൂടുതൽ ചിത്രങ്ങൾ റിലീസിനെത്തും.