കണ്ണൂരിൽ കൃഷിവകുപ്പും ജില്ലാ പഞ്ചായത്തും ചേർന്ന് കണ്ണൂർ ടൗൺ സ്ക്വയറിൽ തുടങ്ങുന്ന കാർഷികമേള പ്രസിഡന്റ് പി.പി.ദിവ്യയുടെ അധ്യക്ഷതയിൽ മന്ത്രി വി.എസ്.സുനിൽകുമാർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ ആരംഭിച്ച സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഉത്‌പാദിപ്പിച്ച ഇനങ്ങളാണ് നാലുദിവസത്തെ മേളയിൽ പ്രധാനമായും വിൽക്കുന്നത്.
നേന്ത്രക്കായ, കപ്പ, ചേന തുടങ്ങിയവ അധികം ഉത്‌പാദിപ്പിച്ചതിനെത്തുടർന്ന് വില കുത്തനെ കുറഞ്ഞിരുന്നു. ഇത് പരിഹരിക്കുകയാണ് ഉദ്ദേശം. വിവിധയിനം പച്ചക്കറി, പച്ചമീൻ, കരിങ്കോഴി, കരിങ്കോഴിമുട്ട തുടങ്ങിയവയും ഉണ്ടാകും. ജില്ലയിലെ 11 ബ്ലോക്കിലെയും കർഷകക്കൂട്ടായ്മകളാണ് ഉത്‌പന്നങ്ങൾ കൊണ്ടുവരുന്നത്. കർഷകർക്ക് ന്യായവില ഉറപ്പാക്കുകയാണ് മേളയുടെ ഉദ്ദേശമെന്ന് ജില്ലാ പ്രിൻസിപ്പിൽ കൃഷി ഓഫീസർ രാംദാസും മാർക്കറ്റിങ് വിഭാഗം അസി. ഡയറക്ടർ ജിതേഷും അറിയിച്ചു.
നേരത്തെ ആറളം ഫാമിങ് കോർപ്പറേഷൻ ടൗൺ സ്ക്വയറിൽ നടത്തിയ ആറുദിവസത്തെ മേളയിൽ 9.75 ലക്ഷത്തോളം രൂപയുടെ വിൽപ്പന നടന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കണ്ണൂരിൽ സ്ഥിരം ചന്ത തുടങ്ങാൻ കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. ശനിയാഴ്ചകളിൽ ആഴ്ചച്ചന്ത തുടങ്ങാൻ ജില്ലാ പഞ്ചായത്തും തീരുമാനിച്ചിട്ടുണ്ട്.