കെ-ഫോൺ ആദ്യഘട്ടം ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്താകെ മുപ്പതിനായിരത്തോളം സർക്കാർ ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുകയും 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുകയും ചെയ്യുന്ന കെ-ഫോൺ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച വൈകുന്നേരം 5.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

വൈദ്യുതി പോസ്റ്റുകൾ വഴി ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ച് ഇന്റർനെറ്റ് ലഭ്യതയ്ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതാണ് പദ്ധതി. സംസ്ഥാനത്ത് 35,000 കിലോമീറ്ററിൽ കേബിൾശൃംഖല പൂർത്തിയാകുന്നതോടെ സെക്കൻഡിൽ പത്ത് എം.ബി. മുതൽ ഒരു ജി.ബി. വരെ വേഗം ഉറപ്പാക്കി ഇന്റർനെറ്റ് ലഭ്യതയ്ക്കു വഴിയൊരുങ്ങും. കുത്തക ഇല്ലാതാക്കാൻ ഒന്നിലധികം സേവനദാതാക്കൾക്കായിരിക്കും ഇന്റർനെറ്റ് ലഭ്യമാക്കലിന്റെ ചുമതല. ടെൻഡർ നടപടികളിലൂടെയാകും ഇത് പൂർത്തിയാക്കുക.