ബിഡിജെഎസിന്റെ സംസ്ഥാന നേതൃയോഗം അൽപ സമയത്തിനുള്ളിൽ ആരംഭിക്കും. പിളർപ്പിന് ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് ചേരുക. തുഷാർ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മുന്നണിക്കുള്ളിലെ പ്രശ്നങ്ങളടക്കം ചർച്ചയാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാനും യോഗത്തിൽ ആവശ്യമുയർന്നേക്കും.ബിഡിജെഎസിലെ ഒരു വിഭാഗം എൻഡിഎ വിട്ട് ഭാരതീയ ജനസേന എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചിരുന്നു. എൻ.കെ. നീലകണ്ഠൻ, വി.ഗോപകുമാർ, കെ.കെ. ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി. യുഡിഎഫ് നേതൃത്വവുമായി ഇവർ ചർച്ച നടത്തിയിട്ടുണ്ട്.
യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാണ് തീരുമാനം. കോൺഗ്രസ് മുക്ത കേരളത്തിനായി എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ഇവർ ആരോപിക്കുന്നു. ശബരിമല വിഷയത്തിൽ വിശ്വാസികളെ ചവിട്ടിയരച്ചവരാണ് എൽഡിഎഫ് സർക്കാർ. ശബരിമല വിഷയത്തിൽ അടക്കം പരിഹാരം കാണാൻ ശ്രമിക്കുമെന്ന് യുഡിഎഫ് ഉറപ്പ് നൽകിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ ബിജെപി വഞ്ചിച്ചുവെന്നും ഭാരതീയ ജനസേന പ്രവർത്തകർ ആരോപിക്കുന്നു.