സനൂപിന്റെ കൊലപാതകം കൂട്ടായ ആക്രമണമെന്ന് പ്രതികളുടെ മൊഴി

തൃശ്ശൂര്‍: സി.പി.ഐ.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കൊലപ്പെടുത്തിയത് കൂട്ടായ ആക്രമണത്തിനൊടുവിലെന്ന് പ്രതികള്‍. എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യപ്രതിയായ നന്ദനാണ് സനൂപിനെ ആദ്യം കുത്തിയത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സനൂപിനെ മറ്റൊരു പ്രതിയായ സുജയ് ഇരുമ്പുവടി കൊണ്ട് തലക്കടിച്ചു. ഇതോടെ സനൂപ് വീണുപോവുകയായിരുന്നു.

ഇതാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു പ്രതിയായ സുനീഷ് വെട്ടുകത്തികൊണ്ട് സനൂപിനെ വെട്ടി. കൂടെയുണ്ടായിരുന്ന മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്.

ഞായറാഴ്ച രാത്രി എയ്യാല്‍, ചിറ്റിലങ്ങാടുണ്ടായ ആക്രമണത്തിലാണ് സനൂപ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ട്. പ്രതികള്‍ തൃശൂര്‍ ജില്ല വിട്ടിട്ടില്ലെന്നാണ് വിവരം. സനൂപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ വസ്ത്രം ഉപേക്ഷിച്ച ചിറ്റിലങ്ങാട്ടെ കുളക്കരയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു.

ഇവിടുന്ന് ലഭിച്ച രക്ത സാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കും. സനൂപിനെതിരായ ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി- ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന്‌ സി.പി.ഐ.എം ആരോപിച്ചിരുന്നു.