ദേശീയ പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ജനുവരി 31നാണ് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് പോളിയോ ബൂത്തുകളിലൂടെ പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനായി സംസ്ഥാനത്താകെ 24,690ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുക. വാക്സിനേഷന് സ്വീകരിക്കാന്‍ എത്തുന്നവര്‍ മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക,സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. 5 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി. അങ്കണവാടികള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതാണ്. കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.