ട്രംപിനെ പുറത്താക്കാന്‍ മൈക്ക് പെന്‍സിനുമേല്‍ സമ്മര്‍ദ്ദം


ട്രംപനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ കലാപം ഉയര്‍ത്തിയതിന് പിന്നാലെ മൈക്ക് പെന്‍സിനുമേല്‍ ട്രംപിനെ പുറത്താക്കാന്‍  സമ്മര്‍ദ്ദമേറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി 20ന് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ നില്‍ക്കുന്നതിനിടയിലാണ് അമേരിക്കയില്‍ സമാനതകളില്ലാത്ത അട്ടിമറി നീക്കങ്ങള്‍ അരങ്ങേറുന്നത്. ഭരണഘടനയുടെ 25ാമത് ഭേദഗതി ഉപയോഗിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കാനാണ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനുമേല്‍ സമ്മര്‍ദ്ദം. അമേരിക്കന്‍ പ്രസിഡന്റ് മരിച്ചാലോ, കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തി ഇല്ലാതായാലോ പ്രസിഡന്റിനെ പുറത്താക്കി വൈസ് പ്രസിഡന്റിന് ഭരണമേറ്റെടുക്കാന്‍ അധികാരം നല്‍കുന്നതാണ് 25ാമത് ഭരണഘടന ഭേദഗതി.


ട്രംപിന്റെ ക്യാബിനറ്റ് അംഗങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ് ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം. ട്രംപിന്റെ പ്രവര്‍ത്തികള്‍ നിയന്ത്രിക്കാന്‍ പറ്റാത്തതിന്റെ സാഹചര്യത്തിലാണ് ക്യാബിനെറ്റ് അംഗങ്ങള്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തത്.


ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ക്യാപ്പിറ്റോള്‍ മന്ദിരത്തില്‍ ഇത്ര വലിയ ആക്രമം നടന്നത്. ട്രംപ് അനുകൂലികളും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.എന്നാല്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണം വിയോജിപ്പിനുള്ള അവകാശമല്ല കലാപം സൃഷ്ടിക്കലാണെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ പറഞ്ഞു