പക്ഷിപ്പനി ;കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘം ആലപ്പുഴയിലെത്തി

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘം ആലപ്പുഴയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഉദ്യോഗസ്ഥരാണ് എത്തിയത്. ഡോ രുചി ജെയിന്‍ (കേന്ദ്ര ആരോഗ്യ മന്ത്രാലയം), ഡോ സൈലേഷ് പവാര്‍ (എന്‍ ഐ വി), ഡോ അനിത് ജിന്‍ഡാല്‍ (ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രി) എന്നിവരാണ് സംഘത്തിലുളളത്.

പനിക്ക് കാരണമായ എച്ച്‌5എന്‍8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇതു സംബന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ കേന്ദ്ര സംഘം നടത്തുമെന്നാണ് വിശദീകരണം. പനി കണ്ടെത്തിയ ഇടങ്ങളിലെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം, പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വളര്‍ത്തു പക്ഷികളെ കൊല്ലുന്നത് ഇന്ന് പൂര്‍ത്തിയാകും. 6200 താറാവുകള്‍ കൂടിയാണ് ഇനി അവശേഷിക്കുന്നത്.

കേരളത്തിന് പുറമെ രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് അടക്കമുളള സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലായി പനി പടരുന്ന പന്ത്രണ്ട് പ്രധാന സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. പത്ത് ദിവസത്തിനുളളില്‍ രാജ്യത്ത് ലക്ഷക്കണക്കിന് പക്ഷികള്‍ ചത്തതായാണ് കണക്ക്. ഇതില്‍ കൂടുതലും ദേശാടന പക്ഷികളാണ്.