വിദേശത്ത് നിന്നെത്തിയ 18 പേർക്ക് ജില്ലയിൽ കോവിഡ്; വൈറസ് ജനിതകമാറ്റം സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി

കണ്ണൂർ: യു.കെ ഉൾപ്പെടെ കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നെത്തിയ 18 പേർക്ക് ജില്ലയിൽ കോവിഡ് പോസിറ്റീവായിട്ടുണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ. എന്നാൽ ഇവരെ ബാധിച്ചിരിക്കുന്നത് ജനിതകമാറ്റം വന്ന വൈറസാണോ എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. വിശദ പരിശോധനയ്ക്കായി സാംപിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

വേഗത്തിൽ ഫലം ലഭ്യമാക്കുന്നതിനായി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 18 പേരെയും ക്വാറന്റീൻ ചെയ്തിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധിക്കുന്നവർക്കും നിലവിലുള്ള ചികിത്സ തന്നെയായിരിക്കും ലഭ്യമാക്കുന്നത്. ഇത്തരം സാഹചര്യമുണ്ടായാൽ അവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപത്രികളിൽ കൂടുതൽ സൗകര്യമൊരുക്കും. സ്വകാര്യ മേഖലയുടെയും സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

കുടുതൽ വെന്റിലേറ്ററുകളും ഐ.സി.യു ബെഡ്ഡുകളും സജ്ജമാക്കും. കോവിഡ് ചികിത്സയ്ക്കായി ആദ്യം കണ്ടെത്തിയ സി.എഫ്.എൽ.ടി.സി കൾ പലതും സ്കൂളുകളായതിനാൽ അവ വിട്ട് നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇവയ്ക്ക് പകരം, കൂടുതൽ സി.എഫ്.എൽ.ടി.സികൾ സജ്ജീകരിക്കും. കോവിഡ് ഇതര ചികിത്സകൾ പുനരാരംഭിക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

0.4 ശതമാനമാണ് ജില്ലയിലെ കോവിഡ് മരണനിരക്ക്. 8.96 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ, തേഡ് ലൈൻ എന്ന നിലയിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകും. കോവിഡ് കാലത്ത് ആവശ്യമായ ജീവനക്കാരെ അധികം നിയമിക്കും. കോവിഡ് സാഹചര്യം മാറുന്നിടത്തോളം കാലം അവരെ നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു