വയനാട് മെഡിക്കല്‍ കോളേജ്;തീരുമാനം ഉടൻ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് മെഡിക്കല്‍ കോളേജ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം ഉടൻ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ ഭാഗമായി കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സൂചന നല്‍കിയത്. ജില്ലയുടെ രണ്ടു പ്രധാന ജലസേചന പദ്ധതികളായ കാരാപ്പുഴ പദ്ധതി 2023 ലും ബാണാസുര പദ്ധതി 2024 ലും പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭൂരഹിതരായ മുഴുവന്‍ ആദിവാസി ജനവിഭാഗങ്ങള്‍ക്കും ഭൂമിയ ഏറ്റെടുത്ത് നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്. ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് തടസ്സങ്ങളുണ്ടാവരുതെന്നാണ് സര്‍ക്കാര്‍ നയം. ജില്ലയില്‍ എല്ലാ ആദിവാസി കുട്ടികള്‍ക്കും പ്ലസ്ടു അടക്കം സ്‌കൂള്‍ അഡ്മിഷന്‍ ലഭിക്കണം. മലബാര്‍ കോഫി ബ്രാന്‍ഡാക്കി അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ട്. വന്യമൃഗ ശല്യം തടയുന്നതിന് കിഫ്ബിയില്‍ വിവിധ പദ്ധതികള്‍ പൂര്‍ത്തിയാക്കും. 1 ഇതിന് പരിഹാരമായി വനത്തില്‍ ജലസംഭരണികളും കുളങ്ങളും നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. കാര്‍ഷിക മേഖലയിലും കോളേജുകള്‍ കേന്ദ്രീകരിച്ചും സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്ക് അപ്രന്റീസ് പോലെ പരിശീലനത്തിന് അവസരം ലഭ്യമാക്കാന്‍ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.