തിരുവനന്തപുരം; വെങ്ങാനൂരിൽ സ്വർണാഭരണങ്ങൾ കൈക്കലാക്കി കൂട്ടുകാരി നടത്തിയ വഞ്ചനയെ തുടർന്നുണ്ടായ അപമാനത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. സൂര്യ ഫിനാൻസിലെ ജീവനക്കാരിയായ വെങ്ങാനൂർ അമരിവിള ശാഖയിലെ ഐശ്വര്യയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. നേരത്തെ സഹപ്രവർത്തകയും സുഹൃത്തുമായ അഞ്ജുവും മരിച്ചിരുന്നു.
കഴിഞ്ഞ മാസം 30-നാണ് ഇരുവരും എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഐശ്വര്യ.
സൂര്യ ഫിനാൻസിൽ നാട്ടുകാർ പണയം വച്ചിരുന്ന 70 പവൻ സ്വർണം ജീവനക്കാരികളായ അഞ്ജുവും ഐശ്വര്യയും വിശ്വസിച്ച് സിന്ധുവിന് കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ സ്വർണം പുറത്തുള്ള സ്ഥാപനങ്ങളിൽ പണയം വെച്ച് കമ്മീഷൻ നേടാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ
യഥാർത്ഥ ഉടമകൾ സ്വർണം ആവശ്യപ്പെട്ടെത്തിയ സമയത്ത് സ്വർണം തിരികെ ലഭിച്ചില്ല. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായ യുവതികൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സിന്ധുവിനെതിരെ പരാതി പ്രളയമാണ് ഉയരുന്നത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ഇതുവരെ പത്ത് പരാതികളാണ് ലഭിച്ചിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പും വിശ്വാസവഞ്ചനയും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതികളിലുള്ളത്. സിന്ധുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ വിസിറ്റിംഗ് കാർഡുകളും ബിൽ ബുക്കുകളും പൊലീസ് കണ്ടെത്തി. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നേരത്തെയും സിന്ധുവിനെതിരെ മൂന്ന് കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജീവനക്കാരികൾ സ്ഥാപന ഉടമയെ കബളിപ്പിച്ചതും, പിന്നീട് അതേ ജീവനക്കാരികളെ അവരുടെ അടുത്ത സുഹൃത്ത് വഞ്ചിച്ചതുമാണ് ദുരന്തത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്
