
എറണാകുളം; റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ
ഉടൻ വിട്ടയക്കുമെന്ന് റെയിൽവെ പൊലീസ് . ഇയാള്‍ കൊച്ചിയിലെത്തിയത് തൃശ്ശൂരിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്നും റെയിൽവെ പൊലീസ് വ്യക്തമാക്കി. റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ ബണ്ടി ചോറിനെ തടഞ്ഞു വെക്കുകയായിരുന്നു.
എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് ബണ്ടി ചോറിനെ ആർപിഎഫ് തടഞ്ഞത്. വെരിഫിക്കേഷന്റെ ഭാഗമായാണ്തടഞ്ഞു വെച്ചത്. തൃശൂരിലെ കവര്‍ച്ചാ കേസിന്റെ ഭാഗമായി ബണ്ടി ചോറിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത വസ്തുക്കൾ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനെ കാണാനാണ് കേരളത്തിലെത്തിയത്. രണ്ട് ബാഗുകൾ, 76,000 രൂപ, മൊബൈൽ ഫോൺ എന്നിവ വിട്ടു കിട്ടണമെന്നാണ് ആവശ്യം.
തൃശ്ശൂരിലെ കവർച്ചാ കേസിൽ ഇയാളെ കോടതി വെറുതെ വിട്ടിരുന്നു

ബണ്ടി ചോർ പിടികിട്ടാപ്പുള്ളിയല്ലെന്നും ഇയാൾക്കെതിരെ പുതിയ കേസുകളില്ലെന്നും റെയിൽവെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി 700ലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ധനികരുടെയും ഉന്നതരുടെയും വീടുകളിൽ മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു 10 വർഷത്തോളം ശിക്ഷ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. മോഷണം നിർത്തുകയാണെന്ന് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞ ബണ്ടി ചോർ പക്ഷെ പഴയ ശീലം തുടർന്നു. ബണ്ടി ചോറിനെ ഒടുവിലായി പിടികൂടിയത് 2023ൽ യു പിയിൽ നിന്നാണ്


