
തിരുവനന്തപുരം; കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി തിരുവനന്തപുരം കോർപ്പറേഷൻ വാര്‍ഡിലെ തെരഞ്ഞെടുപ്പ്. മുട്ടട വാർഡിൽ സ്ഥാനാർത്ഥിയായി
പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി. കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ടായ വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരി വെച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്ന് കാണിച്ചാണ് സിപിഎം പരാതി നൽകിയത്.
സപ്ലിമെന്ററി വോട്ടർപട്ടിക ആവശ്യപ്പെട്ടുള്ള വൈഷ്ണയുടെ അപേക്ഷയുടെയും സിപിഎമ്മിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ ഹിയറിങിന് ശേഷമാണ് തീരുമാനമെടുത്തത്. വൈഷ്ണയുടെ വോട്ടർപട്ടിക അപേക്ഷയിൽ കെട്ടിടത്തിന്റെ ടിസി നമ്പർ 18/564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പറിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം ആരോപണം. കോർപ്പറേഷനിലെ ഏതെങ്കിലും ഒരു വാർഡിലെ വോട്ടർ ആണെങ്കിൽ മാത്രമാണ് കൗൺസിലറായി മത്സരിക്കാൻ കഴിയുക.
വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതോടെ വൈഷ്ണക്ക് മത്സരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്

മുട്ടടയിൽ കുടുംബ വീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. പക്ഷെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു.
വൈഷ്ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്നാണ് സിപിഎം പരാതി പരിശോധിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറയുന്നത്.
അതേ സമയം വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് സ്ഥാനാർത്ഥി എന്ന നിലയിൽ വൈഷ്ണയെ മുട്ടടയിൽ നിർത്തി പ്രചാരണവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കോൺഗ്രസിന് വലിയ തിരിച്ചടി ഉണ്ടായിരിക്കുന്നത്


