
തിരുവനന്തപുരം: കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ കലോത്സവത്തിനിടെ കുട്ടികള്‍ അവതരിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ മൈം ഷോ നാളെ വീണ്ടും അവതരിപ്പിക്കും. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്തിയായിരിക്കും നാളെ ഉച്ചക്ക് 12 മണിക്ക് മൈം അവതരിപ്പിക്കുക.

അതേസമയം, നിർത്തിവച്ച കലോത്സവം രാവിലെ മുതൽ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു.

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈമിംഗ് ഷോ അവതരിപ്പിച്ചതിന്റെ പേരിൽ ഇന്നലെയാണ് കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾ കലോത്സവം നിർത്തിവെച്ചത്. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈമിംഗ് മുഴുപ്പിക്കുന്നതിന്റെ മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു. ഇന്ന് തുടരേണ്ട കലോത്സവം മാറ്റി വെച്ചതായും അറിയിക്കുകയായിരുന്നു.സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എഎസ്എഫും എസ് എഫ് ഐയും സ്കൂളിലേക്ക് മാർച്ച് നടത്തി. സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക പി ടി എ യോഗത്തിനിടെയായിരുന്നു മാർച്ച്. യോഗത്തിൽ പങ്കെടുത്തവരെ പ്രതിഷേധക്കാർ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

