

തൃശ്ശൂർ: കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര സർക്കാരിന് അനുകൂലമായ തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രതികരണത്തെ തള്ളി ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെൻ്റിനെതിരെ ഇടയ ലേഖനത്തിൽ മെത്രാൻ നിലപാട് വ്യക്തമാക്കിയതാണെന്ന് ബിഷപ്പ് മാർ പോളി കണ്ണൂകാടൻ പ്രതികരിച്ചു. കന്യാസ്ത്രീകൾക്കെതിരായ കുറ്റപത്രം റദ്ദാക്കുകയും കേസ് പിൻവലിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രാദേശികമായ എതിർപ്പുകൾ പെൺകുട്ടികൾക്കും പെൺകുട്ടികളുടെ കുടുംബത്തിന് എതിരെയും ഉണ്ടാകാം. റെയിൽവേ ടിടിഇ കേന്ദ്രസർക്കാർ ജീവനക്കാരനായത് കൊണ്ടാണ് കേന്ദ്രസർക്കാരിനെതിരെ ഇടയ ലേഖനത്തിൽ വിമർശനം ഉന്നയിച്ചത്. സഭയ്ക്ക് വിഷയത്തിൽ കൃത്യമായ നിലപാടുണ്ട്. അത് കക്ഷിരാഷ്ട്രീയത്തിനോട് ചേർന്ന് നിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈന്ദവ സഹോദരന്മാരെയും നന്ദിപൂർവ്വം ഓർക്കുന്നു. ബജരംഗ്ദൾ ഉൾപ്പെടെയുള്ള മത സംഘടനകളുടെ പേരിലും ട്രെയിൻ ടിടിഇയുടെ പേരിലും കേസെടുക്കണം. ഒപ്പം തീവ്ര മതസംഘടനകളായ ബജ്രംഗ്ദൾ, സംഘപരിവാർ സംഘടനകളെ നിയന്ത്രിക്കാനുള്ള നടപടികൾ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ സ്വീകരിക്കണം. ക്രൈസ്തവർ നിർബന്ധിത മതപരിവർത്തനത്തെ എതിർക്കുകയാണ് ചെയ്തിട്ടുള്ളത്. കന്യാസ്ത്രീകക്കൊപ്പം ഉണ്ടായ പെൺകുട്ടികളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. പെൺകുട്ടികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

