ടച്ചിംഗ്സ് കൂടുതല്‍ ചോദിച്ച തര്‍ക്കത്തില്‍ ബാർ ജീവനക്കാരനെ കൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായെന്ന് പോലീസ് ; നടന്നത് അതിക്രൂരമായ കൊലപാതകം

തൃശൂരില്‍ ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം വളരെ ആസൂത്രിതമെന്ന് പോലീസ്. പ്രതി ബാറിൽ നിന്ന് പുറത്ത് പോയി കത്തി വാങ്ങിക്കൊണ്ടുവന്ന് ഏറെ നേരം കാത്തിരുന്ന ശേഷമാണ് കൊലപാതകം നടത്തിയത്. ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ
പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനാണ് കൊല്ലപ്പെട്ടത്. മദ്യം കഴിക്കാന്‍ എത്തിയ അളകപ്പ നഗർ സ്വദേശി സിജോ ജോൺ ആണ് ഹേമചന്ദ്രനെ കഴുത്തിന് കുത്തിക്കൊന്നത്.

ഇന്നലെ വൈകീട്ടാണ് സംഭവങ്ങളുടെ തുടക്കം. സിജോ ജോൺ 8 തവണ ടച്ചിംഗ്സ് ആവശ്യപ്പെട്ടതായി ബാര്‍ ജീവനക്കാർ പറയുന്നു. വീണ്ടും കൂടുതൽ ടച്ചിങ്സ് ആവശ്യപ്പെട്ടപ്പോള്‍ അത് നൽകാത്തതിനെ ചൊല്ലിയാണ് ജീവനക്കാരുമായി തർക്കമുണ്ടാകുന്നത്. ബഹളം വെച്ച ഇയാളെ ബാറിൽ നിന്ന് പുറത്താക്കി. ഈ വൈരാഗ്യത്തില്‍ പുറത്ത് പോയി കത്തി വാങ്ങിക്കൊണ്ടുവന്ന് രാത്രി ബാറടക്കുന്ന സമയം വരെ സിജോ കാത്തു നിന്നു.രാത്രി 11.30 ഓടെ ഹേമചന്ദ്രൻ ബാറിൽ നിന്നിറങ്ങി മുന്നിലുള്ള ചായക്കടയിലെത്തി. ഈ സമയത്താണ് സിജോ 2 തവണ കഴുത്തിൽ കുത്തിയത്

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.കുത്തേറ്റ് രക്തം വാര്‍ന്ന ഹേമചന്ദ്രനെ ഉടന്‍ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുലർച്ചെ രണ്ടരയോടെ പ്രതി പിടിയിലാകുന്നത്