ഷാര്‍ജ: കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാർജയിൽ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവ് സതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ‘അതു പോയി ഞാനും പോണു’ എന്നാണ് സതീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് താന്‍ തന്നെയാണ് ഇട്ടതെന്നും താനും ആത്മഹത്യാ ശ്രമം നടത്തിയതായും ഇന്നലെ അതേ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചതായും സതീഷ് പറഞ്ഞു.
ശനിയാഴ്ച മുതല്‍ അതുല്യ പുതിയ ജോലിക്ക് പോകാനിരുന്നതാണ്.അതുല്യയ്ക്ക് ജോലിക്ക് പോകാനുള്ളതെല്ലാം താന്‍ ചെയ്തിരുന്നു. താന്‍ ഇടയ്ക്ക് മദ്യപിക്കാറുണ്ട്. പുറത്തു പോയി വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഫ്ലാറ്റിന് ഒറ്റ ചാവിയെ ഉണ്ടായിരുന്നുള്ളൂവെന്നും അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കാല്‍ മടങ്ങിയ നിലയിലായിരുന്നെന്നും സതീഷ് പറഞ്ഞു. ചവിട്ടാവുന്ന ഉയരത്തിലാണ് തൂങ്ങിയതെന്നും മൂന്നു പേര്‍ പിടിച്ചാല്‍ അനങ്ങാത്ത കട്ടില്‍ പൊസിഷന്‍ മാറിക്കിടന്നിരുന്നത് പിന്നീട് ശ്രദ്ധയില്‍പ്പെട്ടെന്നുമാണ് സതീഷ് പറഞ്ഞത്.
ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിലാണ് അതുല്യയെ ഇന്നലെ കണ്ടെത്തിയത്. ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിന്‍റെ ക്രൂര പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് അതുല്യയുടെ കുടംബത്തിന്‍റെ ആരോപണം. സതീഷിനെതിരെ യുവതിയുടെ കുടുംബം ചവറ തെക്കുംഭാഗം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു.