കണ്ണൂര്‍ : ചെങ്ങന്നൂർ ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന്‍റെ ശിക്ഷ ഇളവ് ചെയ്തുള്ള ഉത്തരവ് ബുധനാഴ്‌ച വനിതാ ജയിലിൽ എത്തിയതിന് പിന്നാലെ ഇന്നലെയാണ് ഷെറിൻ പുറത്തിറങ്ങിയത്. പരോളിലായിരുന്ന ഷെറിൻ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ രഹസ്യമായാണ്
കാറിൽ കണ്ണൂർ വനിതാ ജയിലിലെത്തിയത്. അര മണിക്കൂറോളം ജയിലിൽ ചെലവഴിച്ച് നിയമപരമായി 3 ബോണ്ടുകളിൽ ഒപ്പിട്ട് വന്ന കാറിൽത്തന്നെ മടങ്ങുകയായിരുന്നു. ഷെറിനെ മോചിതയാക്കാനുള്ള സർക്കാർ തീരുമാനം വിവാദമായതിനാൽ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിലും രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ ജയിൽ അധികൃതർക്കും കർശന നിർദേശമുണ്ടായിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി വെച്ചതിനാൽ ഷെറിന് ഒപ്പിടാനുള്ള സമയം മാത്രമേ ജയിലിൽ ചെലവഴിക്കേണ്ടി വന്നുള്ളൂവെന്നാണ് വിവരം
ഭാസ്‌കര കാരണവർ വധക്കേസിൽ 2010 ജൂൺ 11നാണ് ഷെറിൻ ശിക്ഷിക്കപ്പെട്ടത്. ഷെറിൻ ഉൾപ്പെടെ 11 പേർക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ ശുപാർശ ജൂലായ് 10-നാണ് ഗവർണർ അംഗീകരിച്ചത്. സര്‍ക്കാരിന്‍റെ ആദ്യത്തെ ശുപാര്‍ശ വന്നതിന് ശേഷവും സഹ തടവുകാരിയായ നൈജീരിയൻ യുവതി കെനി സിംപോയു ജൂലിയെ മർദിച്ചതിന് മാർച്ചിൽ ഷെറിന്റെ പേരിൽ കേസെടുത്തിരുന്നു. വിവിധ സമയങ്ങളിലായി 500 ദിവസത്തെ പരോള്‍ ഷെറിന് കിട്ടിയതും ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. ജീവപര്യന്തം തടവിൻ്റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഷെറിനെ മോചിതയാക്കാൻ സർക്കാർ തീരുമാനിച്ചത്