‘തെറ്റ് പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞു, ഇക്കാര്യം റവന്യൂ മന്ത്രി കെ രാജനോട് പറഞ്ഞിരുന്നു’ കണ്ണൂര്‍ കളക്ടറുടെ മൊഴിയുടെ പൂര്‍ണ രൂപം പുറത്ത്

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർ അരുൺ കെ വിജയന്‍ നല്‍കിയ മൊഴിയുടെ പൂര്‍ണ രൂപം പുറത്ത്. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പിലാണ് ഇക്കാര്യമുള്ളത്. വിവാദമായ യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം തന്റെ ചേംബറിൽ എത്തിയെന്നും പി പി ദിവ്യയുടെ ആരോപണത്തെ കുറിച്ച് എഡിഎമ്മിനോട് ചോദിച്ചുവെന്നുമാണ് കളക്ടർ മൊഴി നൽകിയിരിക്കുന്നത്. ”ഫയലിൽ ഒരു പ്രശ്നം ഉണ്ടായിരുന്നു, അതുകൊണ്ട് വൈകിയെന്ന മറുപടിയാണ് എഡിഎം നൽകിയത്. വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, അര നിമിഷം തല താഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞു. പിന്നീട് നവീൻ ബാബു ചേംബറിൻ്റെ വാതിൽ വരെ പോയി തിരിച്ച് വന്നു, അവരുടെ കയ്യിൽ റെക്കോഡിങ് ഉണ്ട് എന്ന് തോന്നുന്നതായി പറഞ്ഞു. പിന്നാലെ എഡിഎമ്മിനെ ആശ്വസിപ്പിച്ച് മടക്കി അയച്ചു” ഇങ്ങനെയാണ് കളക്ടർ മൊഴി നൽകിയിട്ടുള്ളത്

ഇതിന് പിന്നാലെ ഈ വിവരങ്ങൾ റവന്യൂ മന്ത്രിയെ അറിയിച്ചതായും കളക്ടറുടെ മൊഴിയിലുണ്ട് . യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും പരാതി കിട്ടിയാൽ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായുമാണ് കളക്ടർ മൊഴി നൽകിയത്. യാത്രയയപ്പിന് ശേഷം പി പി ദിവ്യയെ വിളിച്ചുവെന്നും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞതായും കളക്ടർ‌ മൊഴി നൽകിയിട്ടുണ്ട്. പരിപാടിക്ക് മുന്‍പും ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നു. എഡിഎം ആത്മഹത്യ ചെയ്തതിന് ശേഷവും ദിവ്യ കളക്ടറെ വിളിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്

അതേ സമയം എഡിഎമ്മിന് കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായും കുറ്റപത്രത്തിലുണ്ട്. . ”നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരി, പി പി ദിവ്യയാണ് ദൃശ്യം ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലുകാരനെ ഏര്‍പ്പാടാക്കിയത്.
യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായി” എന്നുമാണ് കുറ്റപത്രത്തില്‍  പറയുന്നത്