ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് സുപ്രധാന കണ്ടെത്തലുകൾ അടങ്ങിയ പ്രാഥമിക റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ, ബോയിങ് കമ്പനികള്‍ അറിയിച്ചു. ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് അപകടം സംബന്ധിച്ച ദുരൂഹതയുള്ളത്. ”പറന്നുയർന്ന് സെക്കന്റുകൾക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവർത്തനം നിലച്ചു, എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായിരുന്നു, ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നുണ്ട്, താൻ ചെയ്തിട്ടില്ലെന്നുള്ള മറുപടി പറയുന്നതും കേള്‍ക്കാം. എന്നാല്‍ ഇത്
ആര് ആരോട് ചോദിച്ചു എന്നത് വ്യക്തമല്ല” പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. തകര്‍ന്ന വിമാനത്തിലെ വോയ്സ് റെക്കോർഡിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേ സമയം, വളരെ പ്രധാനപ്പെട്ട മെക്കാനിസമായതിനാൽ അറിയാതെ കൈ തട്ടി സ്ഥാനം മാറുന്ന രീതിയിലല്ല ഫ്യൂവൽ സ്വിച്ചുകളുടെ രൂപകൽപ്പന. ഫിസിക്കലി ഒരാൾ പിടിച്ച് താഴോട്ട് ഇട്ടാൽ മാത്രം വീഴുന്ന സ്വിച്ചുകളാണ് ഇത്. വിമാനത്തിലെ രണ്ട് എൻജിനുകൾക്കും രണ്ട് ഫ്യൂവൽ സ്വിച്ചുകളാണ് ഉള്ളത്. കോക്പിറ്റിൽ വിമാനത്തിന്റെ ത്രസ്റ്റ് നിയന്ത്രിക്കുന്ന ത്രോട്ടിൽ ലിവറിൻ്റെ സമീപത്തായാണ് ഈ സ്വിച്ചുകൾ സ്ഥാപിച്ചിട്ടുള്ളത്. ചെറിയ ഇളക്കങ്ങൾ മൂലമോ അറിയാതെ കൈ തട്ടിയോ സ്ഥാനം മാറാതിരിക്കാൻ ഇതിന് സംവിധാനമുണ്ട്.
”വിമാനം പറന്നുയർന്നതിന് പിന്നാലെ എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയുടെ ഫ്യുവൽ സ്വിച്ചുകൾ റൺ പൊസിഷനിൽ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറി. വിമാനത്തിൽ നിന്ന് മെയ് ഡേ കോൾ ലഭിച്ചത് 08:09:05 സെക്കൻഡിലാണ്. എഞ്ചിൻ ഫ്യുവൽ കട്ട് ഓഫ് സ്വിച്ചുകൾ വൈകാതെ റൺ പൊസിഷനിലേക്ക് മാറി. പക്ഷേ എഞ്ചിനുകൾക്ക് പൂർണ്ണമായി ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഉടൻ വിമാനം തകർന്നു. ഇന്ധനത്തിന്റെ സാമ്പിളുകൾ പരിശോധിച്ചതില്‍ നിന്ന് കുഴപ്പമില്ലെന്ന് കണ്ടെത്തി, വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും ഇരു പൈലറ്റുമാർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട് – ” അന്വേഷണ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫായതിന് പിന്നിലെ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്തിൽ രണ്ട് എൻഹാൻസ്ഡ് എയർബോൺ ഫ്ലൈറ്റ് റെക്കോർഡറുകൾ ഉണ്ടായിരുന്നു. ഒരു ഇഎഎഫ്ആറിൽ നിന്ന് ഏകദേശം 49 മണിക്കൂർ ഫ്ലൈറ്റ് ഡാറ്റയും 2 മണിക്കൂർ ഓഡിയോയും ലഭിച്ചു. എന്നാൽ പിൻഭാഗത്തെ ഇഎഎഫ്ആറിന് കാര്യമായ തകരാർ സംഭവിച്ചതിനാൽ വിവരങ്ങൾ വീണ്ടെടുക്കാനായില്ല.
കൂടുതൽ വിവരങ്ങളും തെളിവുകളും പരിശോധിച്ചുള്ള സമഗ്ര അന്വേഷണം തുടരുകയാണ്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന്
എയർ ഇന്ത്യ വ്യക്തമാക്കി. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാനാകില്ലെന്നും എയർ ഇന്ത്യ വക്താക്കള്‍ പറഞ്ഞു