ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യക്ക് കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് കുടുംബം; സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം..

പാലക്കാട് നാട്ടുകല്ലിൽ 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ. പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒൻപതാം ക്ലാസുകാരി ആശിർനന്ദയാണ് മരിച്ചത്. തൂങ്ങി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്നാണ് ബന്ധുക്കളുടെ ആരോപണം. മാർക്ക് കുറഞ്ഞപ്പോൾ ആശിർനന്ദയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.

ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജ്മെൻ്റ് വിളിച്ച യോഗത്തിൽ രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി. രക്ഷിതാക്കളും സംഘടനാപ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്.

തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദയെയാണ് ഇന്നലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.